കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂം തുറന്നുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിക് കോംപ്ലക്സിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ. പേരാമ്പ്ര ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെ സ്ട്രോങ്ങ് റൂമിനുള്ളിൽ ജീവനക്കാർ പ്രവേശിച്ചതായാണ് യുഡിഎഫ് പരാതിപ്പെട്ടത്. ജീവനക്കാർ അകത്തുകയറുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടി.
അതേസമയം, സ്ട്രോങ്ങ് റൂം തുറന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘എൻകോർ’ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. ഇത് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ചെയ്തതെന്നും റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചു.
പൊലീസ് സുരക്ഷയിൽ ജീവനക്കാർ അകത്തുകയറിയ നടപടിയിൽ ഗുരുതര പിഴവുണ്ടെന്നും സ്ട്രോങ്ങ് റൂമിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നുമാണ് കോൺഗ്രസ് നിലപാട്. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചുള്ള നടപടി മാത്രമാണ് നടന്നതെന്ന് അധികൃതർ ആവർത്തിച്ചു. സ്ഥലത്ത് ഇപ്പോഴും യുഡിഎഫ് നേതാക്കൾ തമ്പടിച്ചിരിക്കുകയാണ്.
