തിരുവനന്തപുരം: ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പെൻഷൻ മുടങ്ങാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും. 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കും. 1,600 നിന്ന് 2000 രൂപയാക്കാൻ എൽഡിഎഫ് സർക്കാർ എടുത്ത നാലേമുക്കാൽ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അനർഹരായ ചിലർ പെൻഷൻ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസിൽ ഉള്ളയാൾ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ പറഞ്ഞത്.
‘മുടങ്ങാതെ പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെൻഷൻ 24ാം തീയതി മുതൽ വിതരണം ചെയ്യും’, വി ഡി സതീശൻ പറഞ്ഞു. എന്നാൽ പെൻഷൻ സംബന്ധിച്ച് ലോസ്ഏഞ്ചലസിൽ ഉള്ളയാൾ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസിൽ പോയയാൾ പെൻഷൻ വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകൻ അവിടെ കഴിയുന്നതിനാൽ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
എന്നാൽ നല്ല വരുമാനം ഉള്ള കുടുംബത്തിലെയാൾക്ക് പെൻഷൻ കിട്ടുമ്പോൾ തീരെ വരുമാനം ഇല്ലാത്ത കുടുംബത്തിലെയാൾക്ക് കിട്ടാതെ പോകുന്നുവെന്നും ഇത് ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പെൻഷൻ നിശ്ചയിച്ച സമയത്ത് അവർ പെൻഷന് അർഹരായിരിക്കും. പിന്നീട് അവരുടെ സാമ്പത്തിക നിലയിൽ മാറ്റം വരികയും വീടിന് വരുമാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. എ സിവെക്കുന്നതുകൊണ്ട് മാത്രം പെൻഷൻ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആരെയും ഒഴിവാക്കാനില്ല. അർഹരായ ആളുകളെ അകത്തുകയറ്റണം. പറഞ്ഞതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷാ പെൻഷൻ സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിൽ കൊടുത്തുതുടങ്ങിയതാണ് സ്ത്രീസുരക്ഷാ പെൻഷൻ. അത് സംബന്ധിച്ച് ഈ സർക്കാർ തീരുമാനം എടുത്തിട്ടില്ല. എടുത്തിട്ട് അറിയിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
