തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡന തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് പദ്ധതിയുടെ പ്രത്യേക മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകൾ ഗാർഹിക അതിക്രമങ്ങളെ തുടർന്ന് മരിച്ച സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടി.
പരാതിപ്പെടാൻ ഭയപ്പെടുന്നവരുടെ അടുക്കലേക്ക് പോലീസുകാർ ഔദ്യോഗിക വേഷത്തിലല്ലാതെ നേരിട്ടെത്തി സഹായങ്ങൾ നൽകും എന്നതാണ് സ്പീക്ക് അപ്പിന്റെ പ്രധാന പ്രത്യേകത. പരാതിപ്പെടുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. കൂടാതെ, സ്ത്രീകളെ ഗാർഹിക പീഡനത്തിന് ഇരയാക്കുന്ന കുറ്റവാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), പാസ്‌പോർട്ട് എന്നിവ നിഷേധിക്കുന്നതടക്കമുള്ള കടുത്ത നിയമനടപടികളിലേക്ക് പോലീസ് കടക്കും.’സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് ഈ ദൗത്യത്തിലൂടെ നൽകുന്നതെന്നും, ആരും അതിക്രമങ്ങൾ തുറന്നുപറയാൻ മടിക്കരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
