“ജലമാണ് ജീവൻ – ജനകീയ ക്യാമ്പയിൻ”; ഇരിങ്ങലിൽ പൊതുപ്രവർത്തകർക്കും വളണ്ടിയർമാർക്കും പരിശീലനം നൽകി

news image
Aug 26, 2025, 2:09 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങലിന്റെയും ആഭിമുഖ്യത്തിൽ “ജലമാണ് ജീവൻ -ജനകീയ ക്യാമ്പയിൻ ” പൊതുപ്രവർത്തകർക്കും വളണ്ടിയർമാർക്കും പരിശീലനം നൽകി. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെയും , ജലജന്യ രോഗങ്ങളുടെയും വ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ,വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചുകൊണ്ട് രോഗപ്രതിരോധം സാധ്യമാക്കാനുമുള്ള സന്ദേശങ്ങൾ കൈമാറി. സംസ്ഥാന സർക്കാരിന്റെ കർമ്മ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 30 ,31 തീയതികളിൽ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും , സ്കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ കുടിവെള്ള സംഭരണികൾ, പമ്പിങ് സ്റ്റേഷനുകളിലെ ടാങ്കുകൾ എന്നിവ ശുചിയാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുള്ള രൂപരേഖ തയ്യാറാക്കി.

യോഗത്തിൽ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ഉൽഘാടനം ചെയ്തു. പൊതു മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സജ്‌മിന അസൈനാർ, കൗൺസിലർ സി.പി ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ടി.പി പുഷ്പവല്ലി  പദ്ധതി വിശദീകരിച്ചു . കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് , മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ ടി .പി പ്രജീഷ് കുമാർ എന്നിവർ ക്ലാസെടുത്തു . കെ .വി രജിഷ  , പി. കെ ഷാജി എന്നിവർ സംസാരിച്ചു. കൗൺസിലർമാരുടെയും ,
ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആശാവർക്കർമാർ , കുടുംബശ്രീ, ഹരിതകർമ്മ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കാളികളാവും.
പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധനയും നടക്കും.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയും കുളിക്കുകയും ചെയ്യുന്നതും,അണുവിമുക്തമാക്കാത്ത സിമ്മിംഗ് പൂളുകളിൽ നീന്താൻ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും പനിയോ മറ്റു രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ ഡോ: സുനിത.എസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe