ജില്ലാ ക്ഷീര സംഗമം സെപ്തംബർ 26, 27 തീയതികളിൽ മേപ്പയ്യൂരിൽ

news image
Sep 24, 2025, 2:09 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കോഴിക്കോട് ജില്ലാ ക്ഷീര സംഗമം സെപ്തംബർ 26, 27 തീയതികളിൽ മേപ്പയ്യൂർ ടി.കെ.കൺവെൻഷൻ സെൻ്ററിൽ നടത്തപ്പെടുന്നു. ക്ഷീര വികസന വകുപ്പിൻ്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ഷീര സംഗമത്തിന് കൊഴുക്കല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘം ആതിഥേയത്വം വഹിക്കുന്നു. പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ.  ടി.പി രാമകൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ക്ഷീര സംഗമം  മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി  ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.  വടകര ലോക്‌സഭാ മണ്ഡലം എം.പി.  ഷാഫി പറമ്പിൽ മുഖ്യാതിഥി ആയിരിക്കും.

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്   ഷീജ ശശി, മിൽമ ചെയർമാൻ  കെ.എസ്.മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ   വി.പി. ഉണ്ണികൃഷ്ണൻ, കേരള ഫീഡ്‌സ് ചെയർമാൻ  കെ.ശ്രീകുമാർ എന്നിവരും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും ജില്ലയിലെ വിവിധ ക്ഷീര സഹകരണ പ്രസിഡണ്ടുമാരും ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാമതെത്തിയ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും തദവസരത്തിൽ ആദരിക്കുന്നതാണ്.   സെപ്തംബർ 26 ന് രാവിലെ 7 മണിമുതൽ കൊഴുക്കല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘം പരിസരത്ത്   സംഘടിപ്പിക്കുന്ന കന്നുകാലി പ്രദർശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ   സുനിൽ വടക്കയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

തുടർന്ന് സംഘടിപ്പിക്കുന്ന എക്‌സിബിഷൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ടി രാജൻ ഉദ്ഘാടനം  ചെയ്യും. ക്ഷീര സംഘം ജീവനക്കാർക്കുള്ള ശില്പശാല, ക്വിസ് മത്സരം, ക്ഷീര സംഘം വിവിധ ജീവനക്കാരുടെയും വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കലാപരിപാടികൾ എന്നിവയും 26-ാം തീയതി നടത്തപ്പെടുന്നു. സെപ്തംബർ 27-ന് രാവിലെ 9-30 മുതൽ ജില്ലയിലെ ക്ഷീര സംഘങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ക്ഷീര കർഷക സെമിനാറിൽ സാങ്കേതിക രംഗത്തെ വിദഗ്‌ധർ വിഷയങ്ങൾ അവതരിപ്പിക്കുന്നു. 27-ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ക്ഷീര സംഗമം ഉദ്ഘാടന സമ്മേളനവും, തുടർന്ന് അവാർഡ് ദാന ചടങ്ങും കൂപ്പൺ നറുക്കെടുപ്പും നടത്തുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ക്ഷീര വികസന വകുപ്പ് പദ്ധതി പ്രവർത്തനങ്ങൾ വഴി 3,07,94,615 രൂപയും ത്രിതല പഞ്ചായത്ത് വഴി 14,25,31,516, രൂപയും ചെലവഴിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ255 ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നായി പ്രതിദിനം 88,430 ലിറ്റർ പാൽ സംഭരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.ടി.രാജൻ, സംഘാടക സമിതി ചെയർപേഴ്‌സൺ കൊഴുക്കല്ലൂർ ക്ഷീര സംഘം പ്രസിഡണ്ട്കെ .കെ അനിത, ജനറൽ കൺവീനർ  ആർ  രശ്മി, ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ്, കോഴിക്കോട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കോഴിക്കോട്, അസിസ്റ്റൻ്റ് ഡയറക്ടർ / ടെക്‌നിക്കൽ അസിസ്റ്റന്റ്   ക്ഷീര വികസന ഓഫീസർ  .എ. ശിജിന കൊഴുക്കല്ലൂർ ക്ഷീരസംഘം സെക്രട്ടറി പങ്കെടുത്തു.  സി.എം.  വിജയൻ, അശോകൻ, എം. എം. ഗോപാലൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe