പുതിയ സർക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേർത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അധികാരത്തിന്റെ ഗർവ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരിൽ നാട്ടുകാർക്ക് തലകുനിക്കേണ്ടി വരില്ലെന്നും പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്റെ മഹാ നടന്മാരുൾപ്പെടെ എത്തിയാണ് ജില്ലയിലേയ്ക്ക് മടങ്ങിയെത്തിയ വി ഡി സതീശനെ വരവേറ്റത്.
മുഖ്യമന്ത്രിഎത്തിയതോടെ ആവേശക്കടൽ ആയിരുന്നു ഇന്ന് എറണാകുളം. രാവിലെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിയത്തിലും, വൈകിട്ട് പറവൂരിലും സ്വീകരിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ചടങ്ങിനെത്തിയ മലയാളത്തിന്റെ മഹാനടന്മാർ പുതിയ സർക്കാരിലുള്ള പ്രതീക്ഷ മറച്ചുവച്ചില്ല.വി ഡി സതീശന്റെ സ്ഥിരതയാർന്ന പ്രവർത്തനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമെന്ന് ശ്രീകുമാരൻ തമ്പിയും എടുത്ത് പറഞ്ഞു. മറുപടിപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇടറി. വാത്സല്യവും സ്നേഹവും വാരിക്കോരി തന്ന നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞ വി ഡി സതീശൻ, വെല്ലുവിളിയും പ്രതീക്ഷകളും പ്രിയ ജനതയോട് പറഞ്ഞു.വെല്ലുവിളി ആയിട്ടാണ് ധനവകുപ്പ് എടുത്തതെന്നും കേരളത്തെ തുറമുഖം നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനിൽ കേരളം വലിയ പ്രതീക്ഷയർപ്പിക്കുന്നുവെന്നും നിരവധി സാധ്യതകൾ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മോഹൻലാൽ പറഞ്ഞു. വി ഡി സതീശനിൽ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങൾ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിർത്താൻ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിനെക്കൂടാതെ ശ്രീകുമാരൻ തമ്പി, സലിംകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഭൂമിയിലെ മനോഹരമായ സ്ഥലത്തെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് തന്റെ പ്രസംഗത്തിനിടെ മോഹൻലാൽ സൂചിപ്പിച്ചു. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, വർധിച്ചുവരുന്ന റോഡപകടങ്ങൾ മുതലായ വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഊന്നിപ്പറഞ്ഞുകൊണ്ടിയിരുന്നു മോഹൻലാലിന്റെ പ്രസംഗം. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രൻ നാടിന്റെ മുഖ്യനായി മാറിയ അനർഘ നിമിഷമാണിത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തിൽ വിരളമാണ്. കേരളത്തിനാകെ ഈ ഒരാളെ വേണമെന്ന് തോന്നാൽ കാരണമെന്തെന്ന് താൻ ചിന്തിച്ചുവെന്നും സത്യസന്ധതയും സുതാര്യതയും വി ഡി സതീശന് ഉണ്ടെന്നതാണ് താൻ കണ്ടെത്തിയതെന്നും മോഹൻലാൽ പറഞ്ഞു.
