ട്രെയിനുകളിലെ മദ്യപാനത്തിനെതിരായ റെയിൽവേ നിയമത്തിലെ ശിക്ഷാനടപടികൾ ശരിവെച്ച് ഹൈക്കോടതി

news image
Sep 2, 2026, 6:27 am GMT+0000 payyolionline.in

കൊച്ചി: റെയിൽവേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് കേരള ഹൈക്കോടതി. ഇത്തരക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഇവരെ ട്രെയിനിൽ നിന്നോ റെയിൽവേ സ്ഥലങ്ങളിൽ നിന്നോ പുറത്താക്കാനും അധികാരം നൽകുന്ന 1989-ലെ റെയിൽവേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എൻ. ശാസ്ത്രി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.

​യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്താമെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ ബ്രത്ത് അനലൈസർ പരിശോധനയും തുടർനടപടികൾക്കായി മെഡിക്കൽ പരിശോധനയും നടത്താമെന്നും കോടതി വ്യക്തമാക്കി. ‘മദ്യപിച്ച അവസ്ഥ’ എന്നതിന് കൃത്യമായ നിർവചനമില്ലെന്നും ഇത് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുമെന്നുമുള്ള ഹർജിക്കാരന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുതാൽപ്പര്യത്തിനും സഹയാത്രക്കാരുടെ സുരക്ഷയ്ക്കും ഇത്തരമൊരു വ്യവസ്ഥ അനിവാര്യമാണെന്ന് നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe