വടകര: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ കവർന്ന കേസിൽ തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരനെ (50) വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ, പുതുതായി സ്ഥാപിച്ച വയറിംഗുകൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവയാണ് ഇയാൾ കവർന്നത്.
പലതവണകളായി എത്തിയ പ്രതി നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പർ വയറുകളുമാണ് കടത്തിക്കൊണ്ടുപോയത്. കെട്ടിടത്തിലുണ്ടായിരുന്ന വയറിംഗുകൾ പൂർണ്ണമായും വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പിടിയിലായ മനോഹരൻ മുൻപ് കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
