ഡ്രൈവിംഗ് ലൈസൻസില്‍ കള്ളക്കളിയെന്ന് മന്ത്രി; 6 മിനുറ്റുകൊണ്ട് കൊടുക്കുന്നത് ആളുകളെ കൊല്ലാനുള്ള ലൈസൻസ്

news image
Mar 7, 2024, 6:00 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ പരിഹാരനിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.ഇന്ന് സ്ലോട്ട് ബുക്ക് ചെയ്തവർക്കെല്ലാം ടെസ്റ്റ് നടത്താം.

അതേസമയം പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഇതുകൊണ്ടാകില്ലെന്ന ആശങ്ക തുടരുകയാണ്. ഇതിനിടെ ഉദ്യോഗസ്ഥരെ മന്ത്രി നിശിതമായി വിമര്‍ശിച്ചു. മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്‍റെ നിര്‍ദേശം മാത്രമായിരുന്നു, ഉത്തരവല്ലായിരുന്നു, അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നമാക്കി മാറ്റി, മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കി, ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തും, അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി.

‘ആറ് മിനുറ്റുകൊണ്ടാണ് ഇപ്പോള്‍ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് കൊടുക്കുന്നത് ഡ്രൈവിംഗ് ലൈസൻസ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിംഗ് സ്കൂളുകാര്‍ അടക്കം പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്…”- മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനവ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം നടന്നിരുന്നു. ദിവസത്തില്‍ 50 ഡ്രൈവിംഗ് ടെസ്റ്റ് മാത്രം നടത്തിയാല്‍ മതിയെന്ന മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ടെസ്റ്റിനുള്ള കേന്ദ്രങ്ങളില്‍ ആളുകളെത്തി കാത്തുനിന്ന് വലയുകയും, ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരും, ടെസ്റ്റിനെത്തിയവരും പ്രതിഷേധത്തിലേക്ക് കടന്നത്.

ഇന്ന് താല്‍ക്കാലിക പരിഹാരമായെങ്കിലും എന്താണ് ഈ പ്രശ്നത്തില്‍ ഇനി ചെയ്യാനാവുകയെന്നത് വ്യക്തമായിട്ടില്ല. ഉദ്യോഗസ്ഥര്‍ മന്ത്രിയെയും മന്ത്രി തിരിച്ച് ഉദ്യോസ്ഥരെയും പഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe