തിരൂർ: താനൂരിൽ ദുരന്തത്തിൽപെട്ട അത്ലാന്റിക്ക് ബോട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദീകരണവും സാക്ഷി ലിസ്റ്റും ഹാജരാക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമീഷൻ താനൂർ നഗരസഭ സെക്രട്ടറി ടി. അനുപമക്കും താനൂർ സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ ജീവൻ ജോർജിനും നിർദേശം നൽകി.
ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, അംഗങ്ങളായ ഡോ. കെ. നാരായണൻ, എസ്. സുരേഷ് കുമാർ എന്നിവർ നടത്തിയ സിറ്റിങ്ങിലാണ് ഉത്തരവ്. ബോട്ട് സർവിസിനെതിരെ ലഭിച്ച പരാതിയിൽ നടപടിയെടുത്തിട്ടുണ്ടെന്ന മുൻ എസ്.എച്ച്.ഒയുടെ മൊഴിയും നടപടി സംബന്ധിച്ച ഫയലുകളും സ്റ്റേഷനിൽ കാണാനില്ലെന്ന് താനൂർ എസ്.എച്ച്.ഒയും തൃശൂർ റേഞ്ച് ഐ.ജിയും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവൻ ജോർജ് രണ്ടാമതും വിചാരണക്ക് ഹാജരായ വേളയിലാണ് 23ന് വിശദീകരണം സമർപ്പിക്കാൻ നിർദേശം നൽകിയത്.
നഗരസഭയുടെ അനുമതിപത്രം തേടി ബോട്ടുടമ നൽകിയ അപേക്ഷയിലെടുത്ത നടപടികളിൽ വ്യക്തത വരുത്താനായാണ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ ഉത്തരവിട്ടത്. അടുത്ത വിചാരണ ഈ മാസം 27ന് നടക്കും.