കോഴിക്കോട്: തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ 10.30ഓടെ ബേപ്പൂര്‍ അഴിമുഖത്തിന് സമീപമാണ് സംഭവം. പതിവ് പരിശോധനയ്ക്കിടയില്‍ അഴിമുഖത്ത് നിന്ന് ഹാര്‍ബറിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന മത്സ്യബന്ധന ബോട്ടില്‍ ഉദ്യോഗസ്ഥര്‍ കയറുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈറ്റ് ഫിഷിംഗിനായി ഉപയോഗിക്കുന്ന തീവ്ര വെളിച്ചമേറിയ ലൈറ്റുകള്‍ കണ്ടെത്തിയത്. വിഴിഞ്ഞം സ്വദേശിയായ സേവ്യറിന്റെ സെയിന്റ് ആന്റണി എന്ന പേരിലുള്ള ബോട്ടിലാണ് അനധികൃത മത്സ്യബന്ധനം നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയത്. ബോട്ടില്‍ 20 ഓളം തൊഴിലാളികളും അനധികൃതമായി പിടിച്ച മത്സ്യവും ഉണ്ടായിരുന്നു. മത്സ്യശേഖരം പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍ ഇവ ഹാര്‍ബറില്‍ എത്തിച്ച് ലേലം ചെയ്യുകയും ലഭിച്ച 50,000 രൂപ സര്‍ക്കാരിലേക്ക് നല്‍കുകയും ചെയ്തു.