തുറയൂർ: തുറയൂർ ഗവ. യുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 1, 3, 5, 7 ക്ലാസുകളിലെ മാറിയ പാഠപുസ്തകവും സമീപനവും, വീടും വിദ്യാർത്ഥിയും തുടങ്ങിയ വിഷയങ്ങളിൽ രക്ഷാകർതൃ സദസ്സിൽ വിശദമായ ചർച്ച നടന്നു. കൂടാതെ യു എസ് എസ് പരീക്ഷയിൽ വിജയിച്ചവർക്കുള്ള അനുമോദനവും സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും പൂർവ വിദ്യാർത്ഥി സ്കൂളിന് നൽകിയ ലാപ്ടോപ് ഏറ്റുവാങ്ങൽ, വായന വാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും നടന്നു.
തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും യൂണിഫോം വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. പൂർവ വിദ്യാർത്ഥി മിത്രാവിന്ദ സ്കൂളിനു നൽകിയ ലാപ്ടോപ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് ഏറ്റുവാങ്ങി. മാറിയ പാഠപുസ്തകങ്ങൾ, സമീപനങ്ങൾ, വീട്, വിദ്യാലയം എന്നീ വിഷയത്തിൽ ഇ.എം രാമദാസൻ, ടി.കെ ശ്രീജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രധാനധ്യാപകൻ ഇ.എം രാമദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സുധീഷ് കെ.ടി. നന്ദി അർപ്പിച്ച് സംസാരിച്ചു.