തൃശൂർ: തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിന് സ്വരാജ് റൗണ്ടിൽ മണികണ്ഠനാൽ പരിസരത്ത് കാൽ നാട്ടി. പാറമേക്കാവ് മേൽശാന്തി കാരക്കാട്ട് രാമൻ നമ്പൂതിരിയുടെ ഭൂമി പൂജക്ക് ശേഷം ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ ചേർന്നാണ് കാൽനാട്ടലിന് നേതൃത്വം നൽകിയത്. 100 അടിയിലധികം ഉയരത്തിലുള്ള ബഹുനില പന്തൽ ഒരുക്കുന്നത് എടപ്പാളിലെ നാദം സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസ് ഉടമ സി. ബൈജുവാണ്. തിരുവമ്പാടി വിഭാഗത്തിന്റെ പന്തലിന് സ്വരാജ് റൗണ്ടിൽ നടുവിലാലിലും നായ്ക്കനാലിലും ഈമാസം 25ന് കാൽനാട്ടും.
പൂരത്തിനുള്ള ഒരുക്കം സജീവമാണെന്നും പൂരം ദിവസം വെടിക്കെട്ട് കുറച്ചുകൂടി അടുത്തുനിന്ന് കാണാൻ ആസ്വാദകർക്ക് സൗകര്യമൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജി. രാജേഷും വി.എസ്. സുനിൽകുമാറും പറഞ്ഞു. വെടിക്കെട്ടിന് മുമ്പായി വെടിമരുന്ന് സൂക്ഷിക്കുന്ന അറ കാലിയാക്കുന്ന സാഹചര്യത്തിൽ ഫയർ ലൈൻ കുറച്ചുകൂടി അകത്തേക്ക് മാറ്റിയാൽ കാണികൾക്ക് അത്രകൂടി അടുത്തേക്ക് നീങ്ങാനാവും. ഇതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പാറമേക്കാവ് വിഭാഗത്തിന്റെ പൂരം ബ്രോഷർ പ്രകാശനവും നടന്നു.