തെങ്ങോളം പൊക്കത്തിൽ തിറയാട്ടം; മലബാറിലെ പ്രസിദ്ധമായ അരിക്കുളത്തെ അഴിമുറി തിറയെ കുറിച്ച് കൂടുതലറിയാം

news image
Feb 28, 2025, 11:39 am GMT+0000 payyolionline.in

കൊയിലാണ്ടി : അരിക്കുളത്തുള്ള ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം അറിയപ്പെടുന്നത് കോട്ടക്കൽ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്.

 

അഴിമുറി തിറ

______________

ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാണ്. അസുര നിഗ്രഹത്തിനു ശേഷമുള്ള ദേവിയുടെ ആനന്ദനൃത്തമാണ് ഈ ആഘോഷം. തെങ്ങോളം പൊക്കത്തില്‍ ആണ് തിറയാട്ടം. അരിക്കുളം വാവോളി ആശാരിക്കലിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങ്ങും കവുങും ഉപയോഗിച്ചു അഴി ഉയര്‍ത്തുന്നു. ഇരുപത്തിയെട്ടേ മുക്കാൽ അടിയോളം ഉയരത്തിലാണു അഴികള്‍. കെട്ടിപ്പൊക്കിയ കൊന്നത്തെങ്ങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയിൽമേലുള്ള കോലക്കാരന്റെ നൃത്തമാണ് അഴിമുറിത്തിറ.

 

രാത്രി 11 മണിയോടെ തിറ അഴി നോക്കാൻ എത്തുന്നു. ഇതോടെയാണ് ആട്ടത്തിന്റെ തുടക്കം, അഴികൾക്ക് ഇടയിൽ തിറ ആടി നില്‍ക്കും. ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം. ഉലഞ്ഞാടുന്ന തിറ അടുത്തുള്ള മരങ്ങളോളം ചായും. പിന്നെ ഇരു വശങ്ങളോളം പേടിപ്പിക്കുന്ന ഊഞ്ഞാലാട്ടം. ‘ അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞ്ഞാലാടി കോപമടക്കി ‘ എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.

 

ചൂളപ്പുവുകളുടെയും മത്താപ്പുകളുടെയും ഓലച്ചൂട്ടിന്റെയും വെളിച്ചം തീര്‍ക്കുന്ന നിറക്കൂട്ടുകള്‍ക്ക് മുമ്പിലാണ് തിറ. ആട്ടത്തിനിടെ തിറ രൗദ്രഭാവം പ്രകടമാക്കി കരിയണിയും. ഇതോടെ മേളവും പ്രാർത്ഥനയും മുറുകും. 9 വട്ടം തിറ അഴി കീഴടക്കും. പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു. അഴി കയറാനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസ്സവും ചെരുമ്പോള്‍ സമാപനത്തിനു തിളക്കമേറും.

പല ക്ഷേത്രങ്ങളിലും വിവിധ തരത്തിലുള്ള കെട്ടിയാട്ടങ്ങളുണ്ടെങ്കിലും അഴിനോട്ടം തിറയും അഴിമുറി തിറയും അതിൻ്റെ പൂർണ്ണ രൂപവും ഭാവവും ഉൾക്കൊണ്ട് കെട്ടിയാടുന്നത് കേരളത്തിൽ ഈ ക്ഷേത്രത്തിൽ മാത്രമെയുള്ളൂ. കേവലം ഒരു തിറ എന്നത് മാത്രമായി അഴിമുറി തിറയെ കാണാനാവില്ല. അതൊരു വ്രതമാണ് കെട്ടിയാടുന്ന തെയ്യം കലാകാരനും, അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും എല്ലാം…..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe