തൊഴിലുറപ്പിൽ ഒപ്പിട്ട് മുങ്ങി മനുഷ്യച്ചങ്ങലയ്ക്ക് പോയി;  പത്തനംതിട്ടയില്‍ 3 മേറ്റുമാർക്ക് സസ്പെൻഷൻ, 70 പേരുടെ വേതനം കുറയ്ക്കും

news image
Feb 27, 2024, 4:48 am GMT+0000 payyolionline.in

പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു. കോൺഗ്രസും ബിജെപിയും നൽകിയ പരാതിയിലാണ് നടപടി.

ജനുവരി 20ന് പള്ളിക്കൽ പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം നടന്നത്. മൂന്ന് സൈറ്റുകളിൽ നിന്നായി എഴുപതോളം തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍എംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയെന്നായിരുന്നു പരാതി. തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാർ ഉള്‍പ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ജോലി ചെയ്യാതെ മനുഷ്യ ചങ്ങലയ്ക്ക് പോയത്.

 

തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം നടന്നതാണെന്ന് വ്യക്തമായി. എന്നിട്ടും ആരോപണവിധേയരായ മേറ്റുമാരെ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം പ്രവൃത്തി ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാർ പരാതി നല്‍കുകയുണ്ടായി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ വാർഡ് മെമ്പറുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിംഗിന് പോകേണ്ട മേറ്റുമാരുടെ പട്ടിക തയ്യാറാക്കിയതെന്നും ഓംബുഡ്സ്മാന് നല്‍കിയ പരാതിയിലുണ്ട്. പരാതിക്കാർക്ക് മറ്റ് അയോഗ്യതകള്‍ ഒന്നുമില്ലെങ്കിൽ ട്രെയിനിംഗ് നൽകണമെന്ന് പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe