കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതോടെയാണ് ഇവർ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പിന്നാലെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരനടക്കം ആശുപത്രി വിട്ടു.
ആസ്റ്റർ മിംസിൽ ചികിത്സയിലുണ്ടായിരുന്ന 2 പേരും നെഗറ്റീവായെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 9 വയസുകാരനും ബന്ധുവുമാണ് നെഗറ്റീവായത്. കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നുവെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് ആശുപത്രിയെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അവർ പറഞ്ഞു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നത്. രണ്ട് നിപ രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തുവെന്നും അവർ വ്യക്തമാക്കി.