കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.