നാദാപുരം : നാദാപുരം ടൗണിൽ നിയന്ത്രണം വിട്ട കാർ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നാദാപുരത്ത് പ്രവർത്തിക്കുന്ന ‘ലാകോസ്’ (Lacos) എന്ന റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്.
അപകടസമയത്ത് കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സാധാരണയായി രാത്രി വൈകിയും പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. അപകടത്തിൽ കാറിന്റെ മുൻഭാഗവും കടയുടെ മുൻവശത്തെ ഗ്ലാസുകളും പൂർണ്ണമായി തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
