നാദാപുരം (കോഴിക്കോട്): നാദാപുരം ചേലക്കാട്ടിൽ മരുമകളുടെ ക്രൂരമായ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മരുമകൾ നീതുവിനെതിരെ നാദാപുരം പോലീസ് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബ വഴക്കിനെത്തുടർന്നാണ് മരുമകളായ നീതു ഭർതൃപിതാവിനെയും ഭർതൃമാതാവിനെയും വീട്ടിൽ വെച്ച് ക്രൂരമായി അക്രമിച്ചതെന്ന് പോലീസ് പറയുന്നു.
ഭർതൃപിതാവായ കണ്ണനെ വീട്ടിൽ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാളുടെ ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭർതൃമാതാവ് ദേവിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ദേവിയുടെ തല പിടിച്ച് കുളിമുറിയിലെ തറയിലെ ടൈലിന്റെ കോണിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി.
തലയ്ക്കും ചെവിക്കും ഗുരുതരമായി മുറിവേറ്റ വൃദ്ധ ദമ്പതികളെ ഒച്ചപ്പാട് കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി നീതുവിനായി നാദാപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
