ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ചിക്കന്‍ നിരോധിച്ചു. ഇതേതുടര്‍ന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അടച്ചിടല്‍ പ്രഖ്യാപിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴി, മുട്ട എന്നിവ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കരുതെന്ന കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇതിനുപിന്നാലെയാണ് വ്യപാരികളുടെ നീക്കം.
പുതുവത്സരാഘോഷങ്ങള്‍ക്കിടെ പക്ഷിപ്പനി വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കണക്കാക്കിയാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഫ്രോസണ്‍ ചിക്കന്‍ പാകം ചെയ്യാനും ഇതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ വില്‍ക്കാനും അനുമതി നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കള്ളിങ് പൂര്‍ത്തിയാക്കിയ നിലവിലെ സാഹചര്യത്തില്‍ അവബോധ പ്രവര്‍ത്തനങ്ങളും അണുനാശന പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ ഇറച്ചിക്കോഴി, കാട, താറാവ് എന്നിവയുടെ ഇറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു. ഇതോടൊപ്പം തന്നെ ഫ്രോസണ്‍ മീറ്റ്, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഡിസംബര്‍ 28 മുതല്‍ക്കാണ് ഇവയുടെ നിരോധനം.
