‘പണി’ തോട്ടികെട്ടി വാങ്ങി മോട്ടോർ വാഹന വകുപ്പ്: വീണ്ടും ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

news image
Jul 1, 2023, 7:00 am GMT+0000 payyolionline.in

കണ്ണൂർ: വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകൾ വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് പിഴചുമത്തിയതിന് പിന്നാലെ, വൈദ്യുതി ബില്ലടക്കാൻ വൈകിയ വിവിധ സ്ഥലങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ ഫ്യൂസ് ഊരുന്ന നടപടി തുടരുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിന്റെ ഫ്യൂസ് ഊരിയതാണ് ഒടുവിലത്തെ സംഭവം. എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫിസാണിത്.

വയനാട്ടിൽ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി കരാർ വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ട സംഭവത്തിൽ തുടങ്ങിയതാണ് കെ.എസ്.ഇ.ബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങൾ. ഇതിനുപിന്നാലെ വയനാട്ടിലും കാസർകോട്ടും അടക്കം പലയിടങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയിട്ടുണ്ട്. ഇതിൽ ഒടുവിലത്തേതാണ് മട്ടന്നൂരിലേത്.

മട്ടന്നൂരിൽ ഏപ്രിൽ, മെയ് മാസത്തെ കുടിശികയായി 52,820 രൂപ മോട്ടോർ വാഹനവകുപ്പ് അടയ്ക്കാനുണ്ട്. കുടിശ്ശിക അടയ്ക്കാതെ വന്നതോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരുകയായിരുന്നു. കണ്ണൂർ ജില്ലയിലെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർണമായും നിയന്ത്രിക്കുന്ന ഓഫിസാണ് മട്ടന്നൂരിലേത്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ഓഫിസ് കൂടിയാണിത്.

ഇന്ന് പുലർച്ചെ 7.30ഓടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഫ്യൂസ് ഊരുകയായിരുന്നു. സ്വാഭാവിക നടപടിയാണുണ്ടായതെന്നും ബിൽ അടയ്ക്കുന്ന പക്ഷം ഫ്യൂസ് തിരികെ വയ്ക്കുമെന്നുമാണ് കെ.എസ്.ഇ.ബിയുടെ പ്രതികരണം. എന്നാൽ മുമ്പും ഇതുപോലെ തവണ മുടങ്ങിയിട്ടുണ്ടെന്നും ഫ്യൂസ് ഊരുന്ന നടപടി ആദ്യമാണെന്നും മോട്ടോർ വാഹനവകുപ്പ് പ്രതികരിച്ചു. വൈകുന്നേരത്തിനകം തുക അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫിസിന്റെ പ്രവർത്തനം പൂർണമായും നിലച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe