പയ്യോളി: കീഴൂര്‍ ചൊവ്വ വയലിലെ പയ്യോളി നഗരസഭ ഇ.കെ.നായനാര്‍ മിനി സ്റ്റേഡിയം അവഗണനയിലായിട്ട് വര്‍ഷങ്ങളാവുന്നു. സ്വകാര്യ വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഒരു ഏക്കര്‍ 58 സെന്‍റ് സ്ഥലം മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് സിപിഎമ്മിലെ എം.ടി സുരേഷ് ബാബു പ്രസിഡന്‍റ് ആയിരുന്നപ്പോഴാണ് പയ്യോളി പഞ്ചായത്ത് ഏറ്റെടുക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു ആ നടപടി. എന്നാല്‍ പിന്നീട് കാര്യമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്താന്‍ മാറി വന്ന ഭരണസമിതികള്‍ ശ്രമിച്ചിട്ടില്ലെന്ന് കായിക പ്രേമികള്‍ പറയുന്നു.
വര്‍ഷാവര്‍ഷം ഈ സ്റ്റേഡിയം കീഴൂര്‍ മഹാശിവക്ഷേത്ര കമ്മറ്റിക്ക് കാര്‍ണിവല്‍ നടത്താന്‍ നല്കി വാടക ഇനത്തില്‍ നല്‍കി ലക്ഷങ്ങള്‍ വാങ്ങുന്നതല്ലാതെ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നഗരസഭ നടത്തുന്നില്ലെന്നാണ് ആരോപണം. ഈ വര്‍ഷം കാര്‍ണിവലിന് വാടകയായി 2,25,000 രൂപയും 18 % ജിഎസ് ടിയും ചേര്‍ത്ത് 2,65,000 രൂപയാണ് ഈടാക്കിയത്.
മഴക്കാലമായാല്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ് സ്റ്റേഡിയത്തിന്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാല്‍ മാത്രമേ ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ കളിക്കളമായി ഉപയോഗിക്കാന്‍ പറ്റൂ എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
പുതു തലമുറ ലഹരിക്കും മൊബൈലിനും പുറകെ പോവുമ്പോള്‍ അവരെ ആരോഗ്യമുള്ള ജനതയായി വാര്‍ത്തെടുക്കുന്നതിന് ഏക വഴി കായിക മേഖലയിലേക്ക് തിരിച്ചുവിടുക എന്നുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. അപ്പോഴും നഗരസഭയിലെ ഏക സ്റ്റേഡിയം ഇത്തരത്തിലാകുമ്പോള്‍ അത് എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം.
സ്റ്റേഡിയം എന്നാണ് വിളിക്കുന്നതെങ്കിലും പേരിനു പോലും ഒരു ഗ്യാലറി ഇവിടെ നിര്‍മ്മിച്ചിട്ടില്ല. 2015 ല്‍ ശുചിമുറി നിര്‍മ്മിച്ചെങ്കിലും കഴിഞ്ഞ തവണത്തെ ബജറ്റില്‍ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് വകയിരുത്തി പിന്നീട് നിലച്ചു പോവുകയായിരുന്നു. പ്രദേശം നഞ്ച ഭൂമിയായതിനാല്‍ വികസന പ്രവര്‍ത്തനം നടത്തുന്നതിന് പരിമിതിയുണ്ടെന്നാണ് നഗരസഭയുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ കൈവശം ഉള്ള ഭൂമിയായതിനാല്‍ തരംമാറ്റാനും വികസന പ്രവര്‍ത്തനം നടത്താനും നഞ്ച ഭൂമിയായത് തടസ്സമല്ലെന്ന് പ്രദേശവാസിയും മുന്‍ കൌണ്‍സിലറും ആര്‍ജെഡി പയ്യോളി മണ്ഡലം പ്രസിഡന്റുമായ പി.ടി. രാഘവന്‍ പറഞ്ഞു. പയ്യോളി നഗരസഭയ്ക്ക് പുറമെ മണിയൂരിലെയും തുറയൂരിലെയും സ്കൂളുകള്‍ക്ക് അവരുടെ കായിക മത്സരങ്ങള്‍ നടത്താന്‍ കൂടി ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തുന്നുണ്ട്.
കീഴൂര്‍ സ്റ്റേഡിയം സ്പോര്‍ട്ട്സ് കൌണ്സിലിന് കൈമാറിയാല്‍ വികസനം ഉണ്ടാവുമെങ്കിലും കൊയിലാണ്ടിയിലെ സ്റ്റേഡിയം കൈമാറിയത് കൊണ്ടുള്ള ബുദ്ധിമുട്ട് ഇപ്പോള്‍ ഉയര്‍ന്നത് കൊണ്ട് അത്തരത്തിലുള്ള നീക്കം വേണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേ സമയം എം.പി ഫണ്ട് ഉള്‍പ്പെടുത്തി വലിയ രീതിയിലുള്ള വികസനം സാധ്യമാകുന്ന രീതിയില്‍ നഗരസഭ ഇടപെടേണ്ടത് അത്യാവശ്യമാണെന് കായികപ്രേമികള്‍ പറയുന്നു.