പയ്യോളി: ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം സഹോദരിമാര്‍ നേടിയതിന്റെ സന്തോഷത്തിലാണ് കീഴൂര്‍ പാലത്തില്‍ റോസ് വില്ല എന്ന വീട്. കഴിഞ്ഞ 18 നു അയനിക്കാട് അയനം റെസിഡെന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കുനിയില്‍ ദേവാനന്ദന്‍ അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ മത്സരത്തിലാണ് സഹോദരിമാര്‍ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പ്രമുഖ ക്വിസ് മാസ്റ്ററായ മൂരാട് സ്വദേശി ടി. അനീഷ് കുമാര്‍ നടത്തിയ മത്സരത്തില്‍ പയ്യോളി ഹൈസ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സി.കെ.പൂജക്ക് ഒന്നാം സ്ഥാനവും ഇരട്ടകളും അതേ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളുമായ സി.കെ. വേദികയ്ക്കും സി.കെ. നിവേദ്യക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളുമാണ് കരസ്ഥമാക്കിയത്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബൈജു ചെറിയകടവത്തിന്റെയും ശ്രീപ്രിയയുടെയും മക്കളാണ് ഈ മിടുക്കികള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നടത്തിയ സംസ്ഥാന – ജില്ലാ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഈ സഹോദരിമാര്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്.