പയ്യോളി: ദേശീയപാതയിലൂടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് പതിവാകുന്നു. മിക്ക വണ്ടികളിലും പുറക് വശത്തെ നമ്പര്‍ പ്ലേറ്റ് ആണ് പ്രദര്‍ശിപ്പിക്കാത്തതായി കാണുന്നത്. ചില വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടെങ്കിലും ചെളിയോ പൊടിയോ പുരട്ടി കാഴ്ച വ്യക്തമാക്കാത്ത വിധത്തിലുമായിരിക്കും. ഏതെങ്കിലും തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങളിലാണ് ഇത്തരത്തില്‍ നമ്പര്‍ ഇല്ലാത്ത വിധത്തില്‍ ഓടുന്നത്. പലപ്പോഴും ഇവര്‍ക്കെതിരെ ടൌണില്‍ ട്രാഫ്ഫിക്ക് ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡിന് നടപടിയെടുക്കാന്‍ കഴിയാറില്ല.
എന്നാല്‍ വാഹന പരിശോധന നടത്തുന്ന ഹൈവേ പോലീസിനും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പറയുന്നു. ഇത്തരം വാഹനങ്ങള്‍ അപകടമുണ്ടാക്കുകയും നിര്‍ത്താതെ പോവുകയും ചെയ്യുന്ന പ്രവണത അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. വടകരയില്‍ മുത്തശ്ശിയെയും പേരകുട്ടിയെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ് മാസങ്ങളോളം ശ്രമിക്കേണ്ടിവന്നിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഹൈവേയില്‍ ക്യാമറയില്ലാത്തത് ഇക്കൂട്ടര്‍ക്ക് സൌകര്യമായിട്ടുണ്ട്.