പയ്യോളി: പയ്യോളി നഗരസഭയിലെ തച്ചൻകുന്ന് പതിനേഴാം ഡിവിഷനിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല (Shigella sonnei) രോഗബാധ സ്ഥിരീകരിച്ചു. തച്ചൻകുന്ന് ചെത്തിൽ വീട്ടിൽ ഷഹനാസ് – ബൽക്കീസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഐദിനാണ് രോഗം കണ്ടെത്തിയത്. കിഴൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.
ജൂൺ 6-ന് പനി, വയറിളക്കം, മലത്തോടൊപ്പം രക്തം പോകൽ എന്നീ ലക്ഷണങ്ങളോടെ കുട്ടിയെ വടകര പാർക്കോ (ബേബി മെമ്മോറിയൽ) ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ വിട്ടുമാറാത്തതിനെ തുടർന്ന് ജൂൺ 9-ന് മലവും രക്തവും വിശദമായ പരിശോധനയ്ക്ക് അയച്ചു. തുടർന്ന് കുട്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതോടെ അന്ന് തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇന്നലെ (ജൂൺ 11) പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് കുട്ടിയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം; 60 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് (ജൂൺ 12) നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, പയ്യോളി നഗരസഭ, മേലടി ബ്ലോക്ക് സി.എച്ച്.സി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പ്രദേശത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു കെ.ടി, മെഡിക്കൽ ഓഫീസർ ഡോ. സായി ലക്ഷ്മി കെ, ഡിവിഷൻ കൗൺസിലർ ബാബു എം.വി, മേലടി ഹെൽത്ത് സൂപ്പർവൈസർ വിനോദൻ എം.കെ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ ടി എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. പ്രദേശത്തെ 83 വീടുകളിൽ സന്ദർശനം നടത്തി ഹൗസ് ടു ഹൗസ് സർവേയും ഫീവർ സർവേയും പൂർത്തിയാക്കി. 60 കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും കുടിവെള്ള പരിശോധനയും നടത്തിയിട്ടുണ്ട്.
നിലവിൽ നടത്തിയ ഫീവർ സർവേയിൽ സമാനമായ ലക്ഷണങ്ങളുള്ള മറ്റ് കേസുകളൊന്നും തന്നെ പ്രദേശത്ത് കണ്ടെത്താനായിട്ടില്ല. പതിനേഴാം ഡിവിഷൻ ഇപ്പോൾ പൂർണ്ണമായും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഫാത്തിമ കെ, സുബീഷ് ടി.കെ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ അപർണ, അജന്യ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ വാർഡിൽ ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരുകയാണ്. പ്രദേശത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ അറിയിച്ചു.
