തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറിൽ മറ്റ് സാധ്യതകൾ തേടുകയാണ് സർക്കാർ. വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ ഹെലികോപ്റ്റർ വാടകയ്ക്ക് ലഭിക്കും. അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് ആലോചന. അവയവദാനം അടക്കമുള്ളവയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.
ഇതോടെ മാസവാടകയ്ക്ക് ഹെലികോപ്റ്റർ ഒഴിവാക്കാനാവും. നിലവിലുള്ള ഹെലികോപ്റ്ററിന് മാസം 80 ലക്ഷമാണ് വാടക. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ വാടകയ്ക്കാണ് ഹെലികോപ്റ്റർ എടുത്തത്. അധിക മണിക്കൂർ പറന്നാൽ മണിക്കൂറിന് അധിക പണം നൽകണമെന്നാണ് കരാർ. ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നൽകണം.
അവയവദാനത്തിനായി എട്ട് പ്രാവശ്യമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. വയനാട് ദുരന്തം ഉണ്ടായ സമയത്ത് വിഐപി യാത്രകൾക്കും ഹെലികോപ്റ്റർ ഉപയോഗിച്ചു. സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന് ശുപാർശ നൽകിയത്.
