മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബർ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വിദ്യാർത്ഥി പ്രതിനിധികൾ ഔദ്യോഗികമായി പരാതി നൽകി. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉടൻ കണ്ടെത്താനും അവ ബ്ലോക്ക് ചെയ്യാനും ഇൻറർനെറ്റിൽ നിന്ന് ഈ ചിത്രങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാനും അടിയന്തര സൈബർ പോലീസ് നടപടി വേണമെന്ന് എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ ഉടനടി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിവൈ.എസ്.പിമാർക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നത് വരെയും ശക്തമായ നിയമ-വിദ്യാർത്ഥി പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതി നൽകിയ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
