കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയൽ ലക്ഷംവീട് കോളനിയിൽ സജീർ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ജയലക്ഷ്മി സിൽക്സിന് എതിർ വശത്തുള്ള പെട്രോൾ പമ്പിനു സമീപം എത്തിയപ്പോൾ മുൻപരിചയം ഉള്ള സ്കൂട്ടറിലെത്തിയ പ്രതിയും സുഹൃത്തും ചേർന്ന് കുട്ടിയെ ബലം പ്രയോഗിച്ച് സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയും, കത്തികാണിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോകുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, അർഷാദ് ഹുസ്സൈനെ പൂനൂരിൽ നിന്നും, സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി. പി.ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സി.പി. ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.പി.ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ സ്ഥിരം കുറ്റവാളികൾ ആണെന്നും സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അർഷാദ് ഹുസ്സൈനിന് നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഒറീസ്സയിൽ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്റെ പിടിയിലായതിന് 2 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
