അത്യാവശ്യമായി കുറച്ച് പണം വേണം, നിങ്ങളുടെ അക്കൗണ്ടിലില്ല, വീട്ടുക്കാരുടെയോ അടുത്ത സുഹുത്തുക്കളുടെയോ അടുത്ത് നിന്ന് പണം അയച്ച് കിട്ടുമ്പോഴേക്കും നേരെ വൈകില്ലേ? ഇത്തരം അടിയന്തരഘട്ടങ്ങളിൽ ഒറ്റ യുപിഐ അക്കൗണ്ട് വഴി പണമിടപാട് നടത്താനായാല്ലോ? എൻപിസിഐയുടെ ഭീം ആപ്പിലും ഫോൺപേ യുപിഐ ആപ്പിലും അങ്ങനെയൊരു സൗകര്യം അവതരിപ്പിച്ചുക്കഴിഞ്ഞു. ‘യുപിഐ സർക്കിൾ’ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.
യുപിഐ ഉപഭോക്താക്കൾക്ക് യുപിഐ സർക്കിളിൽ കുടുംബത്തിലുള്ളവരെയോ വിശ്വസ്തരായ സുഹൃത്തുക്കളെയോ ചേർത്ത് ഇടപാടുകൾക്കായി ഒരു ഗ്രൂപ്പുണ്ടാക്കാനാകും. ഇങ്ങനെ ഗ്രൂപ്പുണ്ടാക്കുന്ന വരെ പ്രാഥമിക ഉപയോക്താവ് എന്നാണ് വിളിക്കുക. ഗ്രൂപ്പിലുള്ള അംഗങ്ങൾ ദ്വിതീയ ഉപയോക്താക്കളാണ്. പ്രാഥമിക യൂസറുടെ ബാങ്ക് അക്കൗണ്ടിൽനിന്നാകും പണം വിനിയോഗിക്കുക. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും യുപിഐ ഇടപാട് നടത്താനാകും. പരമാവധി അഞ്ചുപേരെയാണ് യുപിഐ സർക്കിളിൽ ഉൾപ്പെടുത്താനാകുക. ഇടപാടുകളിൽ പ്രാഥമിക ഉപയോക്താവിന് പൂർണനിയന്ത്രണമുണ്ടാകും. എല്ലാ ഇടപാടുകൾക്കും എസ്.എം.എസ് അലേർട്ടുകൾ അയച്ച്, ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.ഡിജിറ്റൽ പേമെന്റ് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയസൗകര്യം കൊണ്ടുവന്നത്. നിയന്ത്രണത്തോടെ പണമിടപാടുകൾ അനുവദിക്കാൻ സൗകര്യം നൽകുന്നതാണ് പുതിയ ഫീച്ചറെന്ന് എൻപിസിഐ പറയുന്നു. മറ്റ് യുപിഐ ആപ്പുകളിലും ഈ സൗകര്യം വൈകാതെ ലഭ്യമായേക്കും.