‘ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചു നൽകി’; പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീലെന്ന് ഗണേഷ് കുമാർ

news image
May 10, 2026, 8:00 am GMT+0000 payyolionline.in

കൊല്ലം: പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീലെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുനൽകിയെന്നാണ് ഗണേഷ് കുമാർ ആരോപിച്ചത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പങ്കുവെച്ചാണ് ഗണേഷ് കുമാർ ആരോപണം ഉന്നയിച്ചത്. ഡീലിന്റെ ഭാഗമായാണ് ട്വന്റി-20 പത്തനാപുരത്ത് മത്സരിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാർ ആരോപണം ഉന്നയിച്ചത്.

ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ഇതേ ഡീൽ നടന്നുവെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിന് ലഭിച്ചില്ലെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2016 ൽ ബിജെപി സ്ഥാനാർത്ഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് 12,398. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്. ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം മൂന്ന് സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി-ട്വന്റി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻഡിഎ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ്-ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ട്വന്റി-ട്വന്റിക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു. പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിന് ലഭിച്ചില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe