വോട്ടെണ്ണൽ ദിവസത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഭരണമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തിനായുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷി പ്രതിനിധികൾ എന്നിവരുമായി ഹൈക്കമാൻഡ് പ്രത്യേക ചർച്ചകൾ നടത്തും.
അടുത്ത ഘട്ടമെന്ന നിലയിൽ, മെയ് ആറിന് ഘടകകക്ഷി നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കും. ഇതിന് ശേഷം മെയ് ഏഴിന് മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. മെയ് എട്ടിനും പത്തിനും ഇടയിലുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയിൽ വരണമെന്നും, യുവ – വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമാണ് എഐസിസിയുടെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്കായി തെരുവിലിറങ്ങിയുള്ള പ്രകടനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എക്സിറ്റ് പോളുകൾ യുഡിഎഫ് ഭരണമാറ്റമാണ് പ്രവചിക്കുന്നതെങ്കിലും, അട്ടിമറി വിജയം നേടി ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഇതിനകം തന്നെ സജീവമായിട്ടുണ്ട്. മുസ്ലീം ലീഗ് നേതൃത്വം വി.ഡി. സതീശനെ അനുകൂലിക്കുന്ന നിലപാട് പരസ്യമായി സ്വീകരിച്ചത് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ വിഭാഗങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ.
