കോഴിക്കോട് : നഗരത്തിൽ റോഡ് കൈയ്യേറി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ കോർപറേഷനും ട്രാഫിക് പൊലീസും കർശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന 25 തട്ടുകടകൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത കടകൾ ലോറികളിൽ കയറ്റി എ.ആർ. ക്യാമ്പിലേക്ക് മാറ്റി. റോഡരികിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
വഴി തടസ്സപ്പെടുത്തി കച്ചവടം നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. കച്ചവടക്കാർക്ക് ഒരാഴ്ച മുമ്പ് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചതോടെയാണ് സാധനങ്ങൾ പിടിച്ചെടുത്തത്. പഴം-പച്ചക്കറി വിൽപന നടത്തുന്നവയാണ് പിടിച്ചെടുത്തതിൽ അധികവും. കോർപറേഷൻ അധികൃതർ നേരത്തെ പൊക്കുന്ന്, പൊറ്റമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സമാന രീതിയിൽ തട്ടുകടകൾ നീക്കം ചെയ്തിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ നഗരത്തിലെ മുഴുവൻ അനധികൃത കച്ചവടങ്ങളും ഒഴിവാക്കാനാണ് കോർപറേഷന്റെ തീരുമാനം. തട്ടുകടകൾ പിടിച്ചെടുത്തതിന് പുറമെ, നിയമം ലംഘിച്ച ഉടമകൾക്കെതിരെ പിഴ ചുമത്തുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമായി തുടരും.
