ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം

news image
Jan 16, 2025, 4:02 pm GMT+0000 payyolionline.in

തൃശൂര്‍:ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീര്‍-ഷാഹിന ദമ്പതികളുടെ മകള്‍ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

ഒഴുക്കിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ്  ഹുവാദിന്‍റെയും അതിനുശേഷം കബീറിന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടര്‍ന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്. കബീറിന്‍റെയും സെറയുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിന്‍റെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു.

മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫ‍ർ-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്‍റ് ജോസഫ് എച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തിയത്. സ്ഥലത്തേക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയും എത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe