വഗാഡിന്റെ വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ച് നിരത്തിൽ ; നമ്പർ പ്ലേറ്റില്ല , ഭാരം കയറ്റുമ്പോൾ ബോഡി ഇല്ലാത്ത നിലയിൽ

news image
Jul 18, 2025, 3:04 pm GMT+0000 payyolionline.in

വടകര ∙: ദേശീയപാത നിർമാണക്കമ്പനിയായ വാഗാഡിന്റെ വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നു. മിക്ക വണ്ടിക്കും പിറകിലും അരികിലും നമ്പർ പ്ലേറ്റില്ല. ലോറികളിൽ ഭാരമുള്ള സാധനങ്ങൾ കയറ്റിപ്പോകുമ്പോഴും ബോഡി ഇല്ലാത്ത നിലയിലാണ്. അപകടകരമായ യാത്ര വ്യാപകമായതായി പരാതിയുണ്ട്. പൊലീസ്, ആർടിഒ നടപടി ശക്തമാക്കണമെന്ന ആവശ്യമുയർന്നു.

സാധാരണക്കാരുടെ നിസ്സാര പിഴവുകൾക്കു പോലും കർശന നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർ വമ്പൻ കമ്പനിയുടെ നിയമലംഘനങ്ങൾക്കു നേരെ പലപ്പോഴും കണ്ണടയ്ക്കുകയാണെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മോട്ടർ വാഹന വകുപ്പ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. പിടിച്ചെടുത്ത പലതിനും ഇൻഷുറൻസ്, ടാക്സ് തുടങ്ങിയ രേഖകൾ ഇല്ലായിരുന്നു.

പലതിനും ഇരട്ടി നികുതി അടപ്പിക്കുകയും രേഖകൾ ശരിയാക്കാൻ നോട്ടിസ് നൽകുകയും ചെയ്തു. ഇതൊന്നും പാലിക്കാത്ത 2 വണ്ടികൾ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. ലോറികൾക്ക് പുറമേ ടാർ മിക്സർ, മണ്ണുമാന്തി, ക്രെയിൻ തുടങ്ങിയ ഒട്ടേറെ വാഹനങ്ങളും ഓടുന്നുണ്ട്. ഇതിൽ ഭൂരിഭാഗത്തിനും പിറകിൽ നമ്പർ പ്ലേറ്റില്ല. കോൺക്രീറ്റ് ബാരിക്കേഡ് പോലുള്ള സാധനങ്ങൾ ബോഡി ഇല്ലാത്ത ലോറിയിൽ കൊണ്ടു പോകുമ്പോൾ അപകട സാധ്യത ഏറെയാണ്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ആർടിഒ ഇ.മോഹൻദാസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe