ഇരിങ്ങൽ: മൂരാട് ദേശീയ പാതയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നാട്ടുകാർ. നിരവധി ജീവനുകൾ പൊലിയുകയും നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഈ അപകടമേഖലയിൽ (Black Spot) അടിയന്തര ശാശ്വത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ശാസ്ത്രീയമല്ലാത്ത റോഡ് നിർമ്മാണവും ആവശ്യത്തിന് ദിശാസൂചകങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവയുടെ അഭാവവുമാണ് അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം. വടകര, പയ്യോളി ഭാഗങ്ങളിൽ നിന്ന് കയറ്റമിറങ്ങി അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ സർവീസ് റോഡിന്റെ ആരംഭത്തിൽ നിയന്ത്രണം വിട്ട് മറിയുന്നതും കാൽനടയാത്രക്കാരുടെ മേലേക്ക് ഇടിച്ചുകയറുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നിയന്ത്രണം വിട്ട ലോറി ബാരിക്കേഡിൽ ഇടിച്ചുണ്ടായ അപകടം ഈ വർഷത്തെ 14-ാമത്തെ അപകടമാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മാസമാണ് വഴിയരികിൽ നിന്നിരുന്ന മോളി എന്ന സ്ത്രീയെ നിയന്ത്രണം വിട്ടു വന്ന വാഹനം ഇടിക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തത്.കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടായത്. സ്കൂൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ജീവൻ കയ്യിൽപ്പിടിച്ചുകൊണ്ട് ദിവസേന ഈ പാത മുറിച്ചുകടക്കുന്നത്.
അപകടങ്ങൾ തുടർക്കഥയായിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.പയ്യോളി നഗരസഭ ഡിവിഷൻ കൗൺസിലർ വിവേക് ടി.എമ്മിന്റെയും വികസന സമിതി കൺവീനർ കെ.കെ. ഗണേശന്റെയും നേതൃത്വത്തിൽ ഈ ഗുരുതര പ്രശ്നം ചൂണ്ടിക്കാട്ടി കോഴിക്കോട് റൂറൽ എസ്പിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത ഈ ഉദാസീനമായ നിലപാടിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നു ഡിവിഷൻ വികസന സമിതി ആവശ്യപ്പെട്ടു
