പയ്യോളി: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് മണിയൂർ ഇ ബാലനെന്നും, ഏറ്റവും ലളിതമായ ജീവിതം നയിച്ച ഊർജ്ജസ്വലനായ കമ്മ്യൂണിസ്റ്റുകാരനും കൂടിയായിരുന്നു അദ്ദേഹമെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മണിയൂർ ഇ ബാലൻ നാലാമത് അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
അദ്ദേഹം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാലാമത് നോവൽ പുരസ്കാരം നേടിയ പിസി മോഹനന്റെ ‘ചൂട്ട്’ എന്ന കൃതി രാജൻ നരയംകുളം പരിചയപ്പെടുത്തി.യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി ഡോ ശശികുമാർ പുറമേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ പി ജാനകി എഴുത്തുകാരന് ക്യാഷ് അവാർഡ് സമർപ്പിച്ചു. യുവകലാസാഹിതി ജന സെക്രട്ടറി ഒ കെ മുരളീ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി . രാമചന്ദ്രൻ കുയ്യണ്ടി, കെ ശശിധരൻ, സി സി ഗംഗാധരൻ, നോവലിസ്റ്റ് പിസി മോഹനൻ, പ്രദീപ് കണിയാറക്കൽ എന്നിവർ സംസാരിച്ചു.