മന്ത്രി സ്ഥാനത്തിനായി കൂടുതൽ എംഎൽഎമാർ; കോൺഗ്രസിൽ മന്ത്രിസഭാ ചർച്ചകൾ വഴിമുട്ടുന്നു

news image
May 17, 2026, 10:30 am GMT+0000 payyolionline.in

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കാനിരിക്കെ കോൺഗ്രസിൽ മന്ത്രിസഭ ചർച്ചകൾ വഴിമുട്ടുന്നു. സ്പീക്കർ പദവി വേണ്ട, മന്ത്രി സ്ഥാനം വേണമെന്ന നിലപാടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറച്ചുനിൽക്കുകയാണ്. തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ നിലവിൽ പരിഗണിച്ചിട്ടുള്ള ഒരാളെ ഒഴിവാക്കേണ്ടിവരും. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

വയനാട്ടിൽ നിന്ന് മന്ത്രി വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി നിലപാടെടുത്തതോടെ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ എന്നിവരെ പരിഗണിക്കണം എന്ന ആവശ്യത്തിന് മുന്നിലും നേതൃത്വം പ്രതിസന്ധിയിലാണ്. ഇതിനിടെ വി ടി ബൽറാമിന് വേണ്ടി വി ഡി സതീശൻ നിലപാട് കടുപ്പിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെ മന്ത്രിമാരുടെ പട്ടിക ലോക്ഭവനിൽ എത്തിക്കേണ്ടതുണ്ട്. നാളെ പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. എന്നാൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തുമ്പോൾ പുതിയ പേരുകൾ ഉയർന്നുവരികയാണ്. അങ്ങനെ ഉയർന്നുവന്ന പേരാണ് റോജി എം ജോണിന്റേത്. മന്ത്രി സ്ഥാനത്തിനായി റോജിയും രംഗത്തെത്തിയിട്ടുണ്ട്. സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി എൻ ശക്തനും രംഗത്തുണ്ട്.

അതിനിടെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തിയ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം അയയുകയാണ്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജോസഫ് വിഭാഗം സമ്മതിച്ചു. അങ്ങനെയെങ്കിൽ മോൻസ് ജോസഫ് മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം അപുവിനോ തോമസ് ഉണ്ണിയാടനോ നൽകിയേക്കും. ജലസേചനം, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകൾ കേരള കോൺഗ്രസിന് ലഭിക്കുമെന്നാണ് വിവരം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe