സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിനും നാട്ടിലേക്ക് കൊണ്ടുവരുന്നതിനും പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് പോര്‍ട്ട്സ് അറിയിച്ചു. സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ തിരിച്ച് പോകുകയോ ചെയ്യുന്ന രോഗികള്‍ സൈക്കോട്രോപിക് വസ്തുക്കള്‍ അടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ക്ക് ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മരുന്നുകള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ഇലക്ട്രോണിക് റെസ്ട്രിക്ടഡ് ഡ്രഗ്സ് സിസ്റ്റം വഴി അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന മരുന്ന് സ്വന്തം ഉപയോഗത്തിനുള്ളതാണോ അതോ മറ്റൊരു രോഗിയുടേതാണോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. അനുമതി ലഭിക്കുന്ന മരുന്നുകള്‍ മാത്രമേ യാത്രയില്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും ജനറല്‍ അതോറിറ്റി ഓഫ് പോര്‍ട്ട്സ് വ്യക്തമാക്കി.