തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. മാർച്ചിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ജനുവരി മുതൽ ജൂൺ വരെ 146 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
നിപയിൽ ഒരു കേസ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം-9, കൊല്ലം-4, ആലപ്പുഴ-3, ഇടുക്കി-1, തൃശ്ശൂർ-4, മലപ്പുറം-9, കോഴിക്കോട്-22, വയനാട്-16, കണ്ണൂർ-2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗികളുടെ കണക്ക്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
‘ശുചീകരണ പ്രവർത്തനങ്ങളും മഴക്കാലപൂർവ ശുചീകരണ പരിപാടികളും തെരഞ്ഞെടുപ്പ് കാരണം തടസപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഡിസംബറിലാണ് അധികാരത്തിൽ വന്നത്. 80 ശതമാനവും പുതിയ ആളുകളായിരുന്നു. ഇവർ ഒന്ന് പരിചയപ്പെട്ട് വരുമ്പോഴേക്ക് മാർച്ചിൽ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തടസം നേരിട്ടു. ഇത് ആരുടെയും കുറ്റമല്ല. അതുകൊണ്ട് പകർച്ചവ്യാധികളുടെ എണ്ണം കൂടി. പരിശോധന വിപുലമാക്കി. ചെയ്താലും ചെയ്തില്ലെങ്കിലും വിമർശനമുണ്ടാകും. ചെയ്യാൻ തന്നെയാണ് നമ്മൾ തീരുമാനിച്ചത്’, കെ മുരളീധരൻ പറഞ്ഞു.
പകർച്ചവ്യാധി നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലണ്ടർ തയ്യാറാക്കും. എല്ലാ സീസണിലും വരാൻ സാധ്യതയുള്ള രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയണം. ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തണം. മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ഡോ. എസ് എസ് ലാലിനെ ഹൈ പവർ കമ്മിറ്റി ചെയർമാനായും ഡോ. ശർമിള മേരി ജോസഫിനെ കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു. ജില്ലകളിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കും. ഔട്ട് ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ് തുടങ്ങും. അടുത്ത വർഷം മുതൽ രോഗ പ്രതിരോധം ശക്തമാക്കും. ഒരു രോഗവും മറച്ചുവയ്ക്കില്ല. 10 വർഷത്തെ സിസ്റ്റം മാറ്റുമെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ദേവസ്വം സ്പെഷ്യൽ പ്ലീഡറായി കെ ബി പ്രദീപിനെ നിയമിച്ചതിലും അദ്ദേഹം പ്രതികരിച്ചു. ഒരു ക്രിമിനൽ വക്കീലിനെ സംബന്ധിച്ച് ആർക്ക് വേണ്ടിയും വാദിക്കാം. ചില ഭക്തർക്ക് പരാതി ഉണ്ടായതിനെ തുടർന്നാണ് പ്രദീപിനെ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വകുപ്പുകളും മുൾകിരീടമാണോ എന്ന ചോദ്യത്തിന് ആണല്ലോ എന്ന് മറുപടി നൽകിയ മന്ത്രി ഇനി അങ്ങനെ അല്ലെങ്കിൽ പോലും താൻ എടുത്താൽ മുൾകിരീടമാകുമല്ലോ എന്ന് കൂട്ടിച്ചേർത്തു.
