തിരുവനന്തപുരം: മഴക്കൊപ്പം ശക്തമായ കാറ്റും എത്തിയതോടെ തിരുവനന്തപുരം പാങ്ങോട് അപകടം. പാങ്ങോട് ഭരതന്നൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ഭരതന്നൂർ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തെങ്ങ് വീണ് തകർന്നത്. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീഴുമ്പോൾ വീടിനകത്ത് ആൾ ഉണ്ടായിരുന്നു. എന്നാൽ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെ ശക്തമായ കാറ്റ് ഈ ഭാഗങ്ങളിൽ വീശിയിരുന്നു.
അതിനിടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബിപോർജോയ് എഫക്ട് കൂടിയായതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തന്നെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തെ യെല്ലോ അലർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
10-06-2023: കോഴിക്കോട്, വയനാട്, കണ്ണൂർ
11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
12-06-2023: കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.