കൊയിലാണ്ടി: നഗരസഭയിലെ 19ാം വാർഡിലെ ഐ.ടി.ഐ കാക്രാട്ടുകുന്ന് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. കാക്രാട്ടുകുന്ന് ഉപറോഡിൽ യു.എൽ.സി.സി.യുടെ പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം റോഡ് മെറ്റൽ ചെയ്ത് ഉറപ്പിക്കാതെ ഉപേക്ഷിച്ചതിനെ തുടർന്ന്
ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഉപറോഡിലെ മെറ്റൽ പൂർണമായും ഒലിച്ചുവന്ന് ഐ.ടി.ഐ റോഡിൽ നിറഞ്ഞതോടെ റോഡ് അത്യന്തം അപകടകരമായ അവസ്ഥയിലായി. അപകട സാധ്യത ഉയർന്ന സാഹചര്യത്തിൽ വാർഡ് കൗൺസിലർ ശ്രീജാറാണിയുടെ നേതൃത്വത്തിൽ സമീപത്തുള്ള ഐ.ടി.ഐയുടെ പ്രധാന അദ്ധ്യാപകൻ മുരളി മാസ്റ്റർ, മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് റോഡിലേക്കൊഴുകിയ മെറ്റൽ നീക്കം ചെയ്ത് അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള അശ്രദ്ധകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൗൺസിലർ അറിയിച്ചു.
