കൊച്ചി: അതിരപ്പിള്ളിയിൽനിന്ന് ചികിത്സിക്കാനായി മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാനയുടെ തലച്ചോറിന് അണുബാധ ഏറ്റിരുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുറിവേറ്റ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മസ്തകത്തിൽ ആഴത്തിൽ മുറിവേറ്റ കൊമ്പനെ വനംവകുപ്പ് പിടികൂടി കോടനാട് ആന പരിപാലന കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ ചരിയുകയായിരുന്നു. വൈകിട്ട് മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. മൂന്ന് മണിക്കൂറിലേറെ നീണ്ട നടപടികൾ രാത്രി പത്ത് മണിയോടെയാണ് പൂർത്തിയായത്. ആനപരിപാലന കേന്ദ്രത്തിന് സമീപത്തെ വനപ്രദേശത്ത് രാത്രി 12ഓടെ ആനയുടെ മൃതദേഹം സംസ്കരിച്ചു.
മസ്തകത്തിലെ മുറിവ് വലുതായതോടെ നേരാംവണ്ണം ശ്വാസമെടുക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു ആന. ആനകൾ തമ്മിലുള്ള പോരിനിടെ കൊമ്പ് കൊണ്ട് മുറിവേറ്റതാകാം എന്നാണ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിനിടെ ലോഹഭാഗങ്ങളോ സംശയാസ്പദമായ മറ്റെന്തെങ്കിലുമോ ആനയുടെ ശരീരത്തിൽനിന്ന് കണ്ടെത്താനായില്ല.
ബുധനാഴ്ചയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടിയത്. വെറ്റിലപ്പാറക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണ് വെടിവച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാ ദൗത്യത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മുറിവ് മസ്തകത്തിലാണെന്നത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.