തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ രൂക്ഷമാകുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരെ അനുകൂലിക്കുന്നവർ സൈബറിടത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. പരസ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടും നേതാക്കൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പ്രതികരണമായിരുന്നു. എറണാകുളത്ത് നിന്ന് ഇത്തവണ മുഖ്യമന്ത്രി വേണമെന്ന ഷിയാസിന്റെ പരാമർശം സതീശൻ വിരുദ്ധ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് കെ. സുധാകരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെ തർക്കം പരസ്യമായി. സുധാകരന്റെ പോസ്റ്റിന് താഴെ സതീശൻ-വേണുഗോപാൽ അനുകൂലികൾ തമ്മിൽ വാക്പോര് രൂക്ഷമായതോടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പരസ്യ വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള ഇത്തരം നീക്കങ്ങൾ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.
കോൺഗ്രസിലെ ഈ അധികാര വടംവലിയിൽ മുസ്ലിം ലീഗും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ പോലും കഴിയുന്നതിന് മുൻപ് മുഖ്യമന്ത്രി പദത്തെച്ചൊല്ലി നടത്തുന്ന ഇത്തരം തർക്കങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു.
അതേസമയം, നിലവിലെ ചർച്ചകളിൽ പങ്കുചേരാൻ കെ.സി. വേണുഗോപാൽ തയ്യാറായിട്ടില്ല. പാർട്ടിക്കൊരു നേതൃത്വമുണ്ടെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ചകൾ ഉടൻ അവസാനിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരാജയപ്പെട്ടാൽ അത് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നിരിക്കെ, വിജയം ഉറപ്പിക്കും മുൻപുള്ള ഈ പടലപ്പിണക്കങ്ങൾ അണികൾക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
