യൂട്യൂബർമാർക്ക് എതിരായ ആദായ നികുതി വകുപ്പ് അന്വേഷണം; കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്

news image
Jun 23, 2023, 6:19 am GMT+0000 payyolionline.in

കൊച്ചി: യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ  ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബർമാർ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും.

ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തിയത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ  വീടുകളിലും പരിശോധന നടത്തി. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തൽ.

ആദായനികുതി ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ്  പരിശോധന നടന്നത്. സംസ്ഥാനത്ത് വലിയ തോതിൽ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബർമാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിലായിരുന്നു റെയ്ഡ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe