പൂക്കാട്: ചരിത്രപ്രാധാന്യമുള്ള ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് എത്തേണ്ട യാത്രക്കാർ കടുത്ത യാത്രാദുരിതത്തിൽ. പുതുതായി നിർമിച്ച ആറുവരി ദേശീയപാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഏകമാർഗം ഇടുങ്ങിയതായതും, പണി പൂർത്തിയാകാത്ത സർവീസ് റോഡുമാണ് യാത്രക്കാരെ കടുത്ത യാതനയിലാക്കുന്നത്. നിലവിൽ സ്റ്റേഷനിലെത്തി വണ്ടികയറാനും സ്റ്റേഷനിൽ ഇറങ്ങി പ്രധാന പാതയിലേക്ക് പ്രവേശിക്കാനും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
കനത്ത മഴ പെയ്താൽ റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളമുയരുന്നതിനാൽ മലിനജലത്തിലൂടെ വേണം യാത്രക്കാർക്ക് സ്റ്റേഷനിലേക്കെത്താൻ. ഈ ഭാഗത്ത് സർവീസ് റോഡിന്റെ പ്രവൃത്തികൾ ചെയ്യുന്നതിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും, പണി വേഗത്തിൽ പൂർത്തിയാക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റുള്ളതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായ കാപ്പാട് ബീച്ചിന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനാണിത്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ, പ്രത്യേകിച്ച് ക്വിറ്റ് ഇന്ത്യാ സമര കാലത്ത് സമരസേനാനികൾ തീയിട്ട ചരിത്രമുള്ള പ്രദേശം കൂടിയായ ചേമഞ്ചേരിയിലെ ഈ അവഗണനയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
