പള്ളിക്കര: വന്മുഖം – കീഴൂർ റോഡിലെ കോഴിപ്പുറം ജംഗ്ഷൻ മുതൽ കീഴൂർ വരെയുള്ള ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാസൗകര്യം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. പള്ളിക്കര പോസ്റ്റ് ഓഫീസിന് സമീപം നടന്ന സമരം സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റി അംഗം വി. ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ദീർഘകാലമായി തകർന്നു കിടക്കുന്ന റോഡ് മഴക്കാലമായതോടെ പൂർണമായും ഗതാഗതയോഗ്യമല്ലാതായ അവസ്ഥയിലാണ്. ഇത് മൂലം സ്കൂൾ കുട്ടികൾ, രോഗികൾ, ദിവസവേതനക്കാർ എന്നിവരടക്കം നൂറുകണക്കിന് ആളുകളാണ് ദിവസേന ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി യാത്രാ തടസ്സം നീക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സി.പി.ഐ.എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം എ.വി. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ, ഏരിയ കമ്മിറ്റി അംഗം പി. ജനാർദ്ദനൻ, മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.വി. ചന്ദ്രൻ, കെ.കെ. രാഘവൻ, വാർഡ് മെമ്പർ ഗീത കേളോത്ത്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഒലീന, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, എം.സി. നൗഷാദ്, പി. ഗോവിന്ദൻ മാസ്റ്റർ, വിജയൻ ഇറ്റിപ്പുറത്ത്, ഷീബ പുല്പാണ്ടി, സനൽ പുല്പാണ്ടി എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പാർട്ടി പ്രവർത്തകരും പ്രദേശവാസികളും സമരത്തിൽ പങ്കെടുത്തു.
