വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ

news image
Jun 16, 2026, 11:48 am GMT+0000 payyolionline.in

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കരെ മുൻപും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ, ഇന്ന് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ഡിജിറ്റൽ തെളിവുകളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളുടെയും അടിസ്ഥാനത്തിൽ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് തൊട്ടുമുൻപാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ പി.കെ കാസിം എന്നയാളുടെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ.കെ ശൈലജയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വർഗീയ പരാമർശങ്ങളടങ്ങിയ സ്ക്രീൻഷോട്ട് ഇടത് സൈബർ ഗ്രൂപ്പുകളിലൂടെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഹൈക്കോടതിയുടെ കടുത്ത നിരീക്ഷണത്തിലുള്ള ഈ കേസിൽ, യഥാർത്ഥ പ്രതികളെ കണ്ടെത്താൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.  സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe