വടകര: കോൺഗ്രസ് പുതുപ്പണം മണ്ഡലം 180-ാം ബൂത്ത് പ്രസിഡന്റ് വള്ളിൽ സുരേഷിനെ (62) കോട്ടക്കടവ് ജനതാ റോഡിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ക്വാർട്ടേഴ്സിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ക്വാർട്ടേഴ്സിൽ തനിച്ച് താമസിച്ചുവരികയായിരുന്ന സുരേഷിനെ ഒടുവിലായി നാട്ടുകാർ കണ്ടത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കോൺഗ്രസ് പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്.
പോലീസ് ഇൻക്വസ്റ്റിന് ശേഷം മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
