കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് നിലം പൊത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തും മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി.
കുറ്റ്യാടി കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ള പറമ്പിൽ വാസുവിന്‍റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്‍റെ പുരയിടത്തിലെ കിണറും ഇടിഞ്ഞു താഴ്ന്നു. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് കനത്തമഴയില്‍ പൂര്‍ണമായും തകര്‍ന്നു. ചിറ്റേരി ബാബുവിന്‍റെ 2600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന വീടാണ് തകര‍്ന്നത്. ഒരാഴ്ച മുമ്പായിരുന്നു രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് കഴിഞ്ഞത്.
കണിച്ചാറിലും കേളകത്തും മരം വീണ് രണ്ടു വീടുകള്‍ഭാഗികമായി തകര്‍ന്നു. ഉളിക്കല്‍ മാട്ടറ ചപ്പാത്ത്, വയത്തൂര്‍പ്പാലം എന്നിവ വെള്ളത്തിനടിയിലാണ്.വയനാട് പുത്തൂര്‍ വയല്‍ തോട്ടിലേക്ക് കാര്‍ മറിഞ്ഞു. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നരണ്ടു പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തവിഞ്ഞാല്‍ , തൊണ്ടര്‍നാട്,തരിയോട്മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കാസര്ക്കോട് , മൊഗ്രാല്‍പുഴയിലേയും നീലേശ്വരം പുഴയിലേയും ,കാര്യങ്കോട് പുഴയിലേയും ജലനിരപ്പ് അപകട നില കടന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കല്ക്ടര്‍ അറിയിച്ചു.