വഴി നല്‍കാമെന്ന് ചെയര്‍മാന്‍റെ രേഖാമൂലമുള്ള ഉറപ്പ്: പയ്യോളിയില്‍ മത്സ്യവില്പന ഇനി ദേശീയപാതയോരത്തേക്ക് മാറ്റും

news image
Jan 23, 2025, 3:44 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയും പയ്യോളി മത്സ്യമാർക്കറ്റ്  കോ ഓർഡിനേഷൻ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന് പരിഹാരം. നഗരസഭ കാര്യാലയത്തിൽ  നടന്ന ചർച്ചയിൽ നഗരസഭയുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനാൽ ഒരാഴ്ചക്കുള്ളിൽ പയ്യോളി കോടതിക്ക് മുൻവശം ദേശീയപാതയോരത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് മത്സ്യവില്പന മാറ്റും. 53 ലക്ഷത്തിന്റെ മത്സ്യ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി പൂർത്തിയായ ശേഷം ദേശീയപാതയിൽ നിന്നും മാർക്കറ്റിലേക്ക് അഞ്ചരമീറ്ററില്‍ നേരെയുള്ള പാത നൽകുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉറപ്പ് നൽകിയതോടെയാണ് പരിഹാരമായത്.

പയ്യോളി നഗരസഭാ ചെയര്‍മാന്‍റെ ചേംബറില്‍ മത്സ്യ മാര്‍ക്കറ്റ് പ്രശ്നം ചര്‍ച്ച ചെയ്യുന്നു.

ഇതോടൊപ്പം ബീച്ച് റോഡിൽ നിന്നും മത്സ്യമാർക്കറ്റ് വരെയുള്ള വഴി വീതി കൂട്ടി സുഗമമാക്കാനും തീരുമാനമായി. അതേ സമയം സര്‍വ്വകക്ഷികളെ ഉള്‍പ്പെടുത്തി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന തീരുമാനം നടപ്പിലാകാത്തത്തിനാല്‍ തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോഴത്തെ തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി പറയുന്നു. നഗരസഭചെയർമാൻ വി കെ അബ്ദുറഹ്മാൻ, സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസൻ, നഗരസഭാ സെക്രട്ടറി എം വിജില, കൗൺസിലർമാരായ അഷ്റഫ് കോട്ടക്കൽ, സി പി ഫാത്തിമ, പി എം റിയാസ് എന്നിവരും മത്സ്യമാർക്കറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി പി സിദ്ദീഖ്, ടി മുസ്തഫ, എം കെ കുഞ്ഞിരാമൻ, ടി പി ലത്തീഫ്, എന്നിവരും പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe